പുനരാഗമന പ്രവചനങ്ങൾ പാളിപ്പോകുന്നതെന്തുകൊണ്ട്?
ലോകം ദർശിച്ചതിലേക്കും ഏറ്റവും മഹത്തായ സംഭവമായിരിക്കും യേശുക്രിസ്തുവിന്റെ പുനരാഗമനം. ദൈവീക സമ്പൂർത്തികരണത്തിന്റെ കേന്ദ്രം ക്രിസ്തുവിന്റെ മടങ്ങിവരവാണ്. യേശുക്രിസ്തുവിന്റെ പുനരാഗമനം തിരുവെഴുത്തിലെ പ്രധാനവിഷയമാണ്.
പുതിയ നിയമത്തിലെ 260 അദ്ധ്യായങ്ങളിലായി 318 പ്രാവശ്യം ക്രിസ്തുവിന്റെ പുനരാഗമനത്തെ പറ്റി പ്രസ്ഥവിച്ചിട്ടുണ്ട്. മത്തായി മുതൽ വെളിപ്പാട് വരെയുള്ള പുസ്തകങ്ങളിൽ എല്ലാ 25 വാക്യങ്ങളിൽ ഒരു പ്രാവശ്യം എങ്കിലും എന്ന കണക്കിൽ ക്രിസ്തുവിന്റെ മടങ്ങിവരവിനെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്.
ക്രിസ്തുവിന്റെ പുനരാഗമനത്തെ വെളിപ്പെടുത്തുന 3 ഗ്രീക്ക് പദങ്ങൾ പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട് 1) പറുസിയ (വ്യക്തിപരമായ സാന്നിധ്യം), 2) എപ്പിഫാനിയ (പ്രത്യക്ഷത),3) അപ്പൊക്കലുപ്സിസ് (മറനീക്കി കാണിക്കുക) ക്രിസ്തു വ്യക്തിപരമായി പരസ്യമായി ഇൗ ലോകത്തിൽ പ്രത്യക്ഷപ്പെടുന്ന സമയം ഉണ്ടെന്ന് ഇൗ 3 പദങ്ങളും അർത്ഥമാക്കുന്നു. ക്രിസ്തു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷയ്ക്കും ഭൂമിയെ വാഴുന്നതിനും വേണ്ടി പാപം കൂടാതെ രണ്ടാമതും പ്രത്യക്ഷനാകുമെന്ന് എബ്രയാർ 9:28ൽ രേഖപ്പെടുത്തിയിരിക്കുന്നു. ക്രിസ്തുവിന്റെ പുനരാഗമനത്തിൽ നിറവേറേണ്ട അനേകം പ്രവചനങ്ങൾ. അവയുടെ നിറവേറൽ ക്രിസ്തുവിന്റെ പുനരാഗമനത്തെ അനിവാര്യമാക്കി തീർക്കുന്നു.
ക്രിസ്തുവിന്റെ അത്യുന്നതവും മഹത്വകരവുമായ ഇൗ പ്രത്യക്ഷതയെ പിശാച് ഏറെ ഭയപ്പെടുന്ന ഒന്നാണ്. തൻ നിമിത്തം പിശാചിന് ഏറ്റവും ക്രോധവിഷയമായി ഭവിച്ച ഇൗ ഉപദേശത്തിനെതിരെ ആദിമകാലം മുതൽ വിവിധ നിലയിലുള്ള തെറ്റായ ഉപദേശങ്ങൽ പിശാച് ഉണ്ടാക്കിയിട്ടുണ്ട്. അതിൽ പ്രധാനമായ ഒന്നായിരുന്നു ക്രിസ്തുവിന്റെ പുനരാഗമനം കഴിഞ്ഞുപോയി എന്നുള്ളത്. അപ്പോസ്തോലിക കാലത്ത് തന്നെ ഇൗ ചിന്ത പുലർത്തിയിരുന്നവർ ഉണ്ടായിരുന്നു. ""അവർ സത്യം വിട്ട് തെറ്റി, പുനരുത്ഥാനം കഴിഞ്ഞു പോയി എന്നു പറഞ്ഞ് ചിലർ വിശ്വാസം മറിച്ചു കളയുന്നു.'' 2 തിമോ 2:18. അത് ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളതായിരുന്നു.ഇൗ ഉപദേശം പഠിപ്പിക്കുന്ന കൂട്ടർ ഇന്നും ഉണ്ട്. മറ്റൊരു കൂട്ടർ ക്രിസ്തുവിന്റെ വാഗ്ദത്തത്തെ ചോദ്യം ചെയ്യുന്ന പരിഹാസികളാണ് (2 പത്രോ 3:34). ഇത് അന്ത്യകാല ലക്ഷണത്തിൽ ഒന്നായി കരുതേണ്ടതാണ്. വേറെ ചിലർ ക്രിസ്തുവിന്റെ മടങ്ങിവരവിന് ആത്മീക വ്യാഖ്യാനം നല്കുകയുണ്ടായി. പരിശുദ്ധത്മാവിന്റെ വരവും വിശ്വാസികളുടെ മരണവും പാപികളുടെ മാനസാന്തരവും യെരുശലേം ദേവാലയ പതനവും ഒക്കെ കർത്താവിന്റെ വരവായി വ്യഖ്യാനിച്ചു തെറ്റിപ്പോകയുണ്ടായി. ക്രിസ്തുവിന്റെ മടങ്ങിവരവിന്റെ തീയതിയും ദിവസവുമൊക്കെ പ്രഖ്യാപിച്ച് അനേകരെ വഞ്ചിച്ചും സ്വയം വഞ്ചിതരായും തീർന്ന അനേകരുണ്ട്.
ചാൾസ് റസ്സൽ 1874 ൽ യേശു മടങ്ങിവരും എന്ന് പ്രവചിച്ച് പരാജയപ്പെടുകയും പിന്നീട് അത് അദ്യശ്യവരവായിരുന്നു എന്ന് വ്യാഖ്യാനിക്കുകയും ചെയ്തു. ശാബത്ത് സമൂഹത്തിൽ പെട്ട വില്ല്യം മില്ലർ 1844 മാർച്ച് 21 നും എല്ലൻ ജി വൈറ്റ് 1845ൽ കർത്താവ് മടങ്ങിവരുമെന്നും പ്രവചിച്ച് തെറ്റിപ്പോയി. യുയോമയ സഭയുടെ സ്ഥാപകൻ യുസ്തോസ് ജോസഫ് എന്ന വിദ്ദ്വാൻ കുട്ടി അച്ചനും യേശുവിന്റെ മടങ്ങി വരവ് പ്രവചിച്ച് തെറ്റിപ്പോയി. ആ ദു:ഖത്തിൽ നിന്നാണ് ""കാന്താ താമസമെന്തഹോ'' എന്ന ഗാനത്തിന്റെ ഉത്ഭവം.മോർമ്മോൺ സഭയുടെ സ്ഥാപകൻ ജോസഫ് സ്മിത്ത് 1835ൽ യേശു മടങ്ങി വരുമെന്ന് പ്രവചിച്ചു. ഇൗ നൂറ്റാണ്ടിലും ഇങ്ങനെയുള്ള പ്രവചങ്ങൾ നടത്തിയവർ അനേകരാണ്. ജ്യോതിഷത്തെ അടിസ്ഥാനമാക്കി നക്ഷത്രരാശി സംബന്ധിച്ച കണക്ക് കൂട്ടലുകൾ നടത്തി ശാസ്ത്രജ്ഞന്മാരും ക്രിസ്തീയ നേതാക്കന്മാരുമൊക്കെ പ്രവചനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. എെസക് ന്യൂട്ടൺ 2000ൽ ലോകാവസാനം പ്രവചിക്കുകയുണ്ടായി. 2021ലും, 2024ലുമൊക്കെ ക്രിസ്തുവിന്റെ മടങ്ങിവരവ് സംഭവിക്കും എന്ന് പ്രവചനം നടത്തിയിട്ടുണ്ട്. ഇപ്രകാരമുള്ള തെറ്റായ പ്രവചനങ്ങൾ മുഖാന്തരം അനേകർ ക്രിസ്തീയ വിശ്വാസത്തെ പരിഹസിക്കുന്നതിനും അതിന്റെ ആധികാരികതയെ സംശയിക്കുന്നതിനും ഇടയാക്കിതിർത്തു.
കർത്താവിന്റെ പുനരാഗമനത്തെ സംബന്ധിക്കുന്ന നാളും നാഴികയും പ്രവചിക്കുവാൻ ദൈവം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ദൈവമഹത്വത്തിന്റെ നിയമത്തിൽ അടങ്ങിയിരിക്കുന്ന ആലോചന നിവ്യത്തിയുടെ കാലങ്ങളെയോ, സമയങ്ങളെയോ അതിൽ നിന്ന് മാറി നിന്നുകൊണ്ട് അറിയുവാനോ പറയുവാനോ കഴിയുന്നതല്ല. ഇൗ തത്വമാണ് കർത്താവ് തന്റെ വരവിനെ കുറിച്ച് "" പുത്രൻപോലും അറിയുന്നതല്ല'' എന്ന് പറഞ്ഞതിലൂടെ അർത്ഥമാക്കിയത് (മത്തായി 24:36)
എന്നാൽ ഈ കാലലക്ഷണങ്ങളെ നാം വിവേചിക്കേണ്ടതാണ് ക്രിസ്തുവിന്റെ വരവിനുള്ള 23 അടയാളങ്ങൾ 2 തിമോ 3:1-7 വരെയുള്ള വാക്യങ്ങളിൽ രേഖപ്പെടൂത്തിയിട്ടുണ്ട്.അതിൽ പലതും ഇന്ന് പ്രസക്തമാണ്.
കർത്താവിന്റെ വരവിനോടുള്ള ബന്ധത്തിൽ നാം ചെയ്യേണ്ടുന്ന രണ്ട് കാര്യങ്ങളാണ് വിശുദ്ധീകരണവും സുവിശേഷീകരണവും. സുവിശേഷം സദ് വാർത്തയാണ്. സുവിശേഷം പാപക്ഷമ നല്കുന്നു നിത്യജീവൻ നല്കുന്നു, മരണഭീതി നിക്കുന്നു. ന്യയവിധി മാറ്റുന്നു. അപ്പോൾ തന്നെ ആരാധനാവിശുദ്ധി , ഉപദേശവിശുദ്ധി ജീവിത വിശുദ്ധി എന്നിവ കാത്തു സൂക്ഷിച്ചുകൊണ്ട് കർത്താവിന്റെ വരവിനു വേണ്ടി ഒരുങ്ങാം