സംശയം രോഗമാവുമ്പോള്‍
By ഡോ. പി.എന്‍. സുരേഷ്കുമാര്‍
ഗൗരവമേറിയ മനോരോഗങ്ങളിലൊന്നാണ് സംശയരോഗം. സംശയരോഗത്തിന്റെ ലക്ഷണങ്ങള്‍ മറ്റു പല മനോരോഗങ്ങളിലും കാണാറുണ്ട്. എന്നാലും സംശയങ്ങള്‍ മാത്രം ഉണ്ടാകുന്ന അവസ്ഥയെയാണ് സംശയരോഗം അഥവാ ഡെലൂഷണല്‍ ഡിസോര്‍ഡര്‍ എന്നു വിളിക്കുന്നത്. സമൂഹത്തില്‍ 10,000 പേരില്‍ 3 പേര്‍ക്കെങ്കിലും ഈഅസുഖം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 25 മുതല്‍ 90 വയസ്സുവരെയുള്ള കാലത്ത് എപ്പോള്‍ വേണമെങ്കിലും ഈ അസുഖം വരാമെങ്കിലും ഏകദേശം 40കളിലാണ് സാധാരണ തുടങ്ങാറുള്ളത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
കാരണങ്ങള്‍
ശരിയായകാരണം ഇന്നും അജ്ഞാതമാണ്. മിക്കവാറും ഒന്നിലധികം കാരണം ഒരേസമയം ഒരുവ്യക്തിയില്‍ സമ്മേളിക്കുമ്പോഴാണ് അസുഖം ആരംഭിക്കുക.
ശാരീരിക കാരണങ്ങള്‍: മനുഷ്യന്റെ വികാര വിക്ഷോഭങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ലിംബിക് വ്യൂഹം, ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന ബേസല്‍ ഗാംഗ്ലിയ എന്നീ ഗ്രന്ഥികളെ ബാധിക്കുന്ന പല രോഗങ്ങളിലും വിവിധതരത്തിലുള്ള സംശയങ്ങള്‍ രൂപപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മനഃശാസ്ത്ര, സാമൂഹിക കാരണങ്ങള്‍: മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന സിഗ്മണ്ട് ഫ്രോയ്ഡ് ഈ അസുഖത്തെക്കുറിച്ച് നിരവധി നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നമ്മുടെ ബോധമനസ്സില്‍ ചില വ്യക്തികളോടും വസ്തുക്കളോടും സാഹചര്യങ്ങളോടും തോന്നുന്ന ആകര്‍ഷണത്തെ അല്ലെങ്കില്‍ ആഗ്രഹത്തെ നിരാകരിച്ച് അതിനെ ഉപബോധമനസ്സിലേക്ക് തള്ളിവിട്ട് അവിടെനിന്ന് ഇത് തന്റെ ആഗ്രഹമല്ല മറ്റൊരുവ്യക്തിയുടെ ആഗ്രഹമാണ് എന്ന് തോന്നിപ്പിക്കുമ്പോള്‍ സംശയരോഗങ്ങള്‍ ഉടലെടുക്കുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വാദം.
നോര്‍മന്‍ കാമറൂണ്‍ എന്ന സാമൂഹിക ശാസ്ത്രജ്ഞന്റെ നിരീക്ഷണങ്ങളില്‍ ഏഴ് വ്യത്യസ്ത സാഹചര്യങ്ങള്‍ സംശയരോഗത്തിന് കളമൊരുക്കുന്നു: 1. ചില സാഹചര്യങ്ങള്‍ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ എന്ന മുന്‍കൂട്ടിയുള്ള തോന്നല്‍. 2. അവിശ്വാസവും സംശയങ്ങളും ഉണ്ടാക്കപ്പെടാവുന്ന സാഹചര്യങ്ങള്‍. 3. സമൂഹത്തിലെ ഒറ്റപ്പെടല്‍. 4. ശത്രുതയും അസൂയയും ഉണ്ടാക്കാവുന്ന സാഹചര്യങ്ങള്‍. 5. ആത്മാഭിമാനം കുറയ്ക്കുന്ന സാഹചര്യങ്ങള്‍. 6. സ്വന്തം പോരായ്മകള്‍ മറ്റുള്ളവരില്‍നിന്ന് മനസ്സിലാക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍. 7. മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളെയും ചേതോവികാരങ്ങളെയുംകുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ സമയം കിട്ടുക.
ലക്ഷണങ്ങള്‍
ഒറ്റനോട്ടത്തില്‍ ഒരു രോഗലക്ഷണവും കണ്ടുപിടിക്കാന്‍ കഴിയില്ല എന്നതാണ് സംശയരോഗമുള്ളവരുടെ പ്രത്യേകത. എങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇവര്‍ ഏത് പ്രശ്നത്തേയും സന്ദര്‍ഭത്തെയും വ്യക്തിയെയും വളരെ സൂക്ഷിച്ചും സംശയത്തോടെയും മാത്രമേ അഭിമുഖീകരിക്കൂ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ ചിന്തിക്കുന്നതുകൊണ്ട് വസ്തുതകളെ വരികള്‍ക്കിടയിലൂടെ വായിക്കുന്നതും ഇവരുടെ സ്വഭാവമാണ്.സാവധാനമാണ് രോഗലക്ഷണങ്ങള്‍ കാണുക.
സംശയം പലതരം
രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് സംശയരോഗത്തെ അഞ്ചായി തിരിക്കാം: 1. മറ്റുള്ളവര്‍ തന്നെ ഉപദ്രവിക്കാനും കൊല്ലാനും ശ്രമിക്കുന്നു എന്ന തോന്നല്‍. 2. ഭാര്യയ്ക്ക് ഭര്‍ത്താവിന്റെയോ, ഭര്‍ത്താവിന് ഭാര്യയുടെയോ ചാരിത്ര്യശുദ്ധിയിലുള്ള സംശയം. 3. തന്നേക്കാളുയര്‍ന്ന പദവിയിലുള്ള ഒരാള്‍ തന്നെ പ്രേമിക്കുന്നു എന്ന ഉറച്ചവിശ്വാസം. 4. തനിക്ക് ശാരീരികമായി തകരാറുണ്ടെന്ന തോന്നല്‍. 5. തനിക്ക് മറ്റുള്ളവരേക്കാള്‍ കഴിവുണ്ടെന്ന/സ്വത്തുണ്ടെന്ന ഉറച്ചവിശ്വാസം
പീഡന സംശയം: ഏറ്റവും സാധാരണമായ സംശയം ഇതാണ്. താന്‍ ചതിക്കപ്പെടുന്നു, തന്നെ ആരോ പിന്തുടരുന്നു, ഭക്ഷണപാനീയങ്ങളില്‍ വിഷവസ്തുക്കള്‍ ചേര്‍ത്ത് കൊല്ലാന്‍ ശ്രമിക്കുന്നു, തനിക്കെതിരെ ദുര്‍മന്ത്രവാദികളെ പ്രയോഗിക്കുന്നു എന്നൊക്കെയാകാം ഇത്തരം സംശയങ്ങള്‍.
ചാരിത്ര്യസംശയരോഗം: പങ്കാളിയുടെ ചാരിത്ര്യത്തിലുള്ള സംശയമാണ് പ്രധാനലക്ഷണം. കൂടുതലും പുരുഷന്മാരിലാണ് ഈ രോഗം കണ്ടുവരുന്നത്. സംശയാലുവായ ഭര്‍ത്താവ് ഭാര്യയുടെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുന്നു.
സംശയപ്രേമം: കൂടുതലും സ്ത്രീകളിലാണ് ഈരോഗം കണ്ടുവരുന്നത്. വളരെ രസകരമായ ഒരു രോഗമാണിത്. സാമ്പത്തികമായും സാമൂഹികമായും തന്നെക്കാള്‍ ഉയര്‍ന്ന ഒരുവ്യക്തി തന്നെ രഹസ്യമായി പ്രേമിക്കുന്നു എന്നതാണ് ഈ സംശയരോഗത്തിന്റെ മുഖ്യലക്ഷണം.
ശാരീരിക രോഗസംശയം: ഇത് പലതരത്തിലാകാം. വായയില്‍നിന്നോ മൂക്കില്‍നിന്നോ വിയര്‍പ്പില്‍നിന്നോ ദുര്‍ഗന്ധം വമിക്കുന്നു. മുടിയിലോ ചെവിയിലോ അല്ലെങ്കില്‍ ശരീരത്തിന്റെ ഉള്‍ഭാഗത്തോ പ്രാണികള്‍ അരിച്ചുനടക്കുന്നു, ശരീരഭാഗങ്ങളായ മൂക്ക്, തല മുതലായവ വൃത്തികെട്ട ആകൃതിയിലാണ്. ശരീരാവയവങ്ങളായ കുടല്, തലച്ചോറ് എന്നിവ പ്രവര്‍ത്തിക്കുന്നില്ല എന്നിങ്ങനെ പലതരം സംശയങ്ങള്‍ ഉണ്ടാകാറുണ്ട്.
താന്‍ വലിയ ആളാണെന്ന സംശയം: രോഗിക്ക് അമാനുഷിക കഴിവുള്ളതായോ ദൈവത്തിന്റെ പ്രതിരൂപമായോ ധാരാളം സമ്പത്തുള്ളതായോ അതിപ്രശസ്തനായ വ്യക്തിയായോ പ്രധാനപ്പെട്ട വ്യക്തികളുമായി നേരിട്ട് ബന്ധമുള്ള ആളായോ മറ്റും തോന്നുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ചികിത്സ
ശരിയായ ചികിത്സ ലഭിക്കുകയാണെങ്കില്‍ ഏതാണ്ട് പകുതിപേര് പൂര്‍ണ സുഖം പ്രാപിക്കുകയും 10 ശതമാനം പേര് ഭാഗികമായി സുഖം പ്രാപിക്കുകയും ചെയ്യും. 30 ശതമാനം പേര്‍ക്ക് ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ കാണുമ്പോള്‍ 10 ശതമാനം പേര് പൂര്‍ണമായും രോഗത്തിന്റെ പിടിയില്‍ അമരുന്നു.
സംശയരോഗികള്‍ പലപ്പോഴും സ്വമനസ്സാലെ ഡോക്ടറെ സമീപിക്കാന്‍ തയ്യാറാകുന്നില്ല. ചുരുക്കം ചിലര്‍ ജീവിത പങ്കാളിയുടെയോ ബന്ധുക്കളുടെയോ നിരന്തര പ്രേരണകൊണ്ട് ഡോക്ടറെ കാണാന്‍ തയ്യാറാകുന്നു. മനോരോഗ വിദഗ്ധര്‍ ഇവരുമായി ആശയവിനിമയം നടത്തുമ്പോള്‍ അയാളെ ഒരു സംശയരോഗിയായി കണക്കിലെടുത്ത് ചികിത്സിക്കാന്‍ ആരംഭിച്ചാല്‍ രോഗിക്ക് ഡോക്ടറോടുള്ള വിശ്വാസ്യത നഷ്ടപ്പെടാനും രോഗി ചികിത്സ നിരാകരിക്കാനും സാധ്യതയുണ്ട്. സംശയരോഗംമൂലം രോഗിയും അയാളുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഓരോരുത്തരെയും തനിയെ വിളിച്ച് രഹസ്യമായി ചോദിച്ച് അനുഭാവപൂര്‍വം മനസ്സിലാക്കി രോഗിയുടെ വിശ്വാസം സമ്പാദിക്കുകയാണ് രോഗിയെ ചികിത്സയ്ക്ക് പ്രേരിപ്പിക്കാനുള്ള ഏക പോംവഴി. ഇ.സി.ടി. (ഇലക്ട്രോ കണ്‍വല്‍സീവ് തെറാപ്പി) എന്ന ചികിത്സയും വേണ്ടിവന്നേക്കാം.
സംശയരോഗത്തെ രോഗിയുടെ അഭിനയമാണെന്നും അഹങ്കാരമാണെന്നുമൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ നല്‍കാതിരിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ വിരളമല്ല. അതുകൊണ്ട് ഈ രോഗാവസ്ഥയെക്കുറിച്ചും രോഗത്തിന്റെ കാരണങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും രോഗിയുടെ ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വിശദീകരിച്ചുകൊടുത്ത് അവരുടെ സംശയങ്ങള്‍ ദുരീകരിച്ചാല്‍ മാത്രമേ ചികിത്സ പൂര്‍ണമാകുന്നുള്ളൂ.