ഗായോസ്, ദിയൊത്രെഫേസ്, ദെമേത്രിയൊസ്
സ്നേഹത്തിന്റെ അപ്പോസ്തലനും, അന്ത്യകാല സംഭവങ്ങൾ മറനീക്കി ലഭിച്ചവനുമായ, യേശുക്രിസ്തുവിന്റെ പ്രിയ ശിഷ്യൻ യോഹന്നാൻ തന്റെ "മൂന്നാം' ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളുടെ പേരുകളാണ് മുകളിൽ പ്രതിപാദിച്ചിരിക്കുന്നത്. അവർ ആരായിരുന്നു? എന്തായിരുന്നു അവരുടെ പ്രത്യേകതകൾ? എന്നതിലേയ്ക്ക് ഒരു ഹ്രസ്വപഠനം.
1. ഗായോസ്
യോഹന്നാൻ തന്റെ മൂന്നാം ലേഖനം എഴുതുന്നത് ഗായോസിനാണ് (3യോഹ 1:1). ഗായോസിനെകുറിച്ചുള്ള യോഹന്നാന്റെ പ്രാർത്ഥനാവാചകത്തിൽ തന്നെ ഗായോസ് ആരാണ് എന്ന് വ്യക്തമാക്കുന്നു. ഗായോസിനെ കുറിച്ചുള്ള വിശേഷണങ്ങൾ
A) ആത്മാവ് ശുഭമായിരിക്കുന്നവൻ (3 യോഹ 1:2)
മുഴുലോകത്തേക്കാളും വിലയുള്ള ആത്മാവിന് നിത്യജീവന്റെ "ശുഭത' ലഭിച്ചവനാണ് ഗായോസ്. ആത്മീക തലത്തിൽ എന്നപോലെ, ശാരീരിക തലങ്ങളിലും ആരോഗ്യവും സുഖവും ശുഭതയുമുള്ളവനായി ഗായോസ് മാറണം എന്നുള്ളതാണ് യോഹന്നാന്റെ ആഗ്രഹം (3യോഹ 1:2)
B) സത്യത്തിൽ നടക്കുന്നവൻ (3യോഹ 1:3)
അസത്യങ്ങളുടെ വക്താക്കൾക്ക് ഒരു പഞ്ഞവുമില്ലാത്ത ലോകത്ത് സത്യത്തിൽ നടക്കുന്ന ഗായോസിനെകുറിച്ച് യോഹന്നാൻ അഭിമാനം മാത്രമേയുള്ളു. ഗായോസിന്റെ "സത്യ' സ്വഭാവത്തിന് ലോകം സാക്ഷ്യം പറയുന്നത് കേട്ടപ്പോൾ യോഹന്നാൻ തനിക്കുണ്ടായ "വലിയ സന്തോഷം' പ്രകടമാക്കുന്നത് ഒരു പിത്യഹ്യദയത്തിന്റെ ഒൗന്നത്യത്തോടെയാണ്.
C) അതിഥി സല്ക്കാര പ്രിയൻ (3 യോഹ 1:5)
വിശുദ്ധന്മാർക്ക് ആതിഥേയത്വം അരുളൂന്നതിനും, അവർക്ക് വേണ്ടി അദ്ധ്വാനിക്കുന്നതിലും ഗായോസ് വിശ്വസ്തനായിരുന്നു. ഗായോസിന്റെ ആതിഥേയത്വം സ്വീകരിച്ചവർ അത് യോഹന്നാനോട് പറയുകയും ദൈവസ്നേഹത്തിന്റെ ഉല്പന്നങ്ങളായ ആതിഥ്യമര്യാദയും, വിശ്വസ്തതയും അവനിൽ വർദ്ധിച്ചു വരണം എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
2. ദിയൊത്രെഫേസ്
സഭയിൽ പ്രധാനിയാകുവാൻ ആഗ്രഹിക്കുന്നവൻ, ദുർവാക്ക് പറയുന്നവൻ, സഹോദരന്മാരെ കൈക്കൊള്ളാത്തവൻ, ആരെങ്കിലും ആതിഥ്യമര്യാദ പ്രകടിപ്പിച്ചാൽ അങ്ങനെയുള്ളവരുടെ മനസ് ക്ഷീപ്പിക്കുകയും അവരെ സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നവൻ മുതലായവയാണ് ദിയൊത്രെഫേസിനെക്കുറിച്ചുള്ള യോഹന്നാന്റെ വിശേഷണങ്ങൾ (3യോഹ1:9-10). ചുരുക്കത്തിൽ തിന്മയുടെ വിളനിലമായി ദിയൊത്രെഫേസ് നിലകൊള്ളുമ്പോൾ, യോഹന്നാൻ നമുക്ക് നല്കുന്ന ഒരു ഉപദേശം ഇങ്ങനെയാണ് ""നന്മയല്ലാതെ തിന്മ അനുകരിക്കരുത്'' (3യോഹ 1:13)
3. ദെമേത്രിയൊസ്
യോഹന്നാൻ ദെമേത്രിയോസിനെ വിശേഷിപ്പിക്കുന്നത് എല്ലാവരാലും "സാക്ഷ്യം ലഭിച്ചവൻ' എന്നാണ്. സഹവിശ്വാസികളുടേയും യോഹന്നാന്റെയും സ്നേഹവും, നല്ല സാക്ഷ്യവും ആർജ്ജിക്കുവാൻ ദെമേത്രിയൊസിനു കഴിഞ്ഞു (3യോഹ 1:12). അതായിരുന്നു അവന്റെ ജീവിത വിജയത്തിന്റെ രഹസ്യം.
അശുദ്ധിയുടെയും, അസത്യങ്ങളുടെയും ഇൗറ്റില്ലമായ ഇൗ ഭൂമിയിൽ സത്യത്തിനും, വിശുദ്ധിക്കും വേണ്ടി ദൈവസ്നേഹത്തിൽ നിലകൊള്ളുന്ന ഭക്തഗണങ്ങളായി നമുക്ക് യാത്ര തുടരാം. നമ്മുടെ നാഥൻ വരാറായി